Toonz Animation India Pvt Ltd
 
Creative Corner

Digital Art

Rajesh S

Art Director

Toonz Animation India Pvt Ltd



Photography

Ajaish A U

Sr. Executive - HRBP

Toonz Animation India Pvt Ltd



എഴുത്തുകാരൻ

Manjula K R

Director

Toonz Animation India Pvt Ltd


എഴുത്തുകാരൻ കടലാസും പേനയുമായി എഴുതാനിരുന്നിട്ട് മണിക്കൂറുകൾ പിന്നിട്ടു. പക്ഷെ ഒരു വരി പോലും അയാളുടെ തൂലികത്തുമ്പിൽ നിന്നും പിറവിയെടുത്തില്ല. ഉറവവറ്റിയ പുഴപോലെ, വരണ്ടു വിണ്ടു കീറിയ വയൽപോലെ. കുറച്ചു നാളുകളായി അയാളുടെ സ്ഥിതി ഇതിൽ നിന്ന് വിഭിന്നമല്ല. പണ്ടൊക്കെ അയാളുടെ മനസ്സിൽ ആശയങ്ങളുടെ പെരുമഴയായിരുന്നു, കഥാപാത്രങ്ങളുടെ തിരതള്ളലുകളായിരുന്നു, അങ്കം വെട്ടലുകളായിരുന്നു. ആ അങ്കത്തിൽ ജയിക്കുന്നവർ ആദ്യമാദ്യം അയാളുടെ തൂലികത്തുമ്പിലൂടെ പിറന്നു വീണു. ആയാളാ പേറ്റുനോവിൻ്റെ സുന്ദരാലസ്യത്തിൽ മതി മറന്നങ്ങനെ കിടക്കുമായിരുന്നു. ഇന്നിതാ കളി തീർന്ന അരങ്ങു പോലെ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ അയാളുടെ മനസ്സ് ശൂന്യമായിരിക്കുന്നു. അരങ്ങൊഴിഞ്ഞു പോയ കഥാപാത്രങ്ങളുടെ അങ്കം വെട്ടലുകൾ ഏല്പിച്ച പോറലുകൾ നീറുന്ന നൊമ്പരങ്ങളായി പരിണമിച്ചിരിക്കുന്നു.

  അയാൾ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. ഒരു മുച്ചക്രവണ്ടിയിൽ രണ്ടു കാലുകൾക്കും ഒരു കൈക്കും സ്വാധീനമില്ലാത്ത ഒരാൾ. തൻ്റെ സ്വാധീനമുള്ള ഇടം കൈ കൊണ്ട് തിരിക്കാവുന്ന ഒരു പെടൽ തിരിച്ചാണ് ആ മുച്ചക്രവണ്ടിയിൽ അവിടെ വരെയെത്തിയത്. മുന്നിലുള്ള കയറ്റമെന്ന കടമ്പ കടക്കണമെങ്കിൽ അയാളുടെ ഇടം കയ്യുടെ ബലമോ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനോബലമോ മാത്രം പോര, ആരെങ്കിലും പിന്നിൽ നിന്ന് തള്ളിക്കൊടുത്താലേ പറ്റൂ. മുച്ചക്രവണ്ടിക്കാരൻ അർത്ഥമില്ലെന്ന് തോന്നിപ്പിക്കുന്ന വികൃതമായ ശബ്ദങ്ങൾ വീണ്ടും പുറപ്പെടുവിച്ചു. അയാളുടെ വായിലെ മുൻനിര പല്ലുകളിലേറെയും പുഴുക്കുത്ത് വീണ് കറുത്തിരുന്നു. എഴുത്തുകാരനോട് അയാൾ തന്നാലാവും വിധം വണ്ടി തള്ളാൻ സഹായം അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എഴുത്തുകാരൻ അയാളോട് വീടെവിടെയെന്ന് ചോദിച്ചു. കേൾവിക്കുറവുള്ള മുച്ചക്രവണ്ടിക്കാരൻ എഴുത്തുകാരൻ്റെ ചുണ്ടനക്കം കണ്ട് മനസ്സിലാക്കിയിട്ടാവണം വികൃതശബ്ദത്തിൻ്റെ അകമ്പടിയോടെ സ്വാധീനമുള്ള ഇടം കൈ ദൂരേയ്ക്ക് ചൂണ്ടിയത്.

                           മുച്ചക്രവണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയ അയാളുടെ മൂക്കിലേക്ക് മനം പിരട്ടലുണ്ടാക്കുന്ന മൂത്രത്തിൻ്റെ രൂക്ഷഗന്ധം തുളച്ചു കയറി. എഴുത്തുകാരനുണ്ടാകുമെന്ന് സാധാരണക്കാർ പ്രതീക്ഷിക്കുന്ന സഹാനുഭൂതിക്ക് പകരം വല്ലാത്തൊര് അറപ്പാണ് അയാളിൽ നിറഞ്ഞത്. 'അയാളെ സഹായിക്കേണ്ടത് തന്നെ' എന്ന് ഉള്ളിൽ തോന്നിയെങ്കിലും, ആ നേരം ആരെങ്കിലും അങ്ങോട്ട് കടന്നു വരണമെന്നും മുച്ചക്രവണ്ടിക്കാരനെ സഹായിക്കണമെന്നും പിന്നീട് ആ നല്ല മനസ്സിനുടമയെ പറ്റി, മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് എഴുതണമെന്നും അയാൾ ചിന്തിച്ചു.

ഞൊടിയിടയിൽ എഴുത്തുകാരൻ്റെയുള്ളിൽ ആ മുച്ചക്രവണ്ടിക്കാരൻ്റെ ജീവിതം എങ്ങനെയെന്ന ചിന്തകൾ വന്ന് നിറഞ്ഞ് അവ മനോചിത്രങ്ങളായി. രാവിലെ മുതൽ വൈകിട്ടുവരെ ഭിക്ഷാടനത്തിലേർപ്പെടുന്ന അയാൾക്ക് ഒന്നു മൂത്രമൊഴിക്കണമെങ്കിൽ അതേ വണ്ടിയിലിരുന്നുകൊണ്ട് വസ്ത്രത്തിലൂടെ നനവ് പറ്റിച്ചു കൊണ്ടല്ലാതെ സാധിക്കില്ല. ഒരു പക്ഷേ അയാൾക്ക് വെളിക്കിരിക്കേണ്ട അവസ്ഥ വന്നാലോ. എഴുത്തുകാരന് അറപ്പ് കൂടി വന്നു.

               മുച്ചക്രവണ്ടിക്കാരൻ വീണ്ടും വികൃതശബ്ദത്തിൽ ദയനീയമായി സഹായമഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആ വളവ് തിരിഞ്ഞ് ഒരാൾ നടന്നെത്തിയത്.ചീകിയൊതുക്കാത്ത ചെമ്പിച്ച ചപ്രത്തലമുടിയും, ഇരുണ്ട ചർമ്മവുമുള്ള, നരച്ച കോളറുള്ള ടീഷർട്ടും ചെളി പറ്റിയ ജീൻസും ധരിച്ച ഒരു കുറിയ മനുഷ്യൻ. മുച്ചക്ര വണ്ടിക്കാരൻ അയാൾക്ക് നേരേ ദൃഷ്ടി പായിച്ചു കൊണ്ട് അയാളെക്കൊണ്ടാകും വിധം സഹായാഭ്യർത്ഥന നടത്തി. ആ കുറിയ മനുഷ്യൻ അതയാൾ ചെയ്യേണ്ടുന്ന കർമം എന്ന കൃത്യമായ ബോധമുള്ളത് പോലെ ആ വണ്ടി കയറ്റം തള്ളിക്കയറ്റി. ആ മുചക്രവണ്ടി ക്കാരൻ്റെ കണ്ണുകളിലെ നന്ദിസൂചകമായ മിഴിനീരിൻ്റെ തിളക്കം എഴുത്തുകാരൻ കണ്ടു. തൻ്റെ ചുറ്റുമുള്ള മനുഷ്യരിലെ മാത്രമല്ല, സർവചരാചരങ്ങളിലേയും ഒരോ ചെറു അനക്കങ്ങളും വികാരവിക്ഷോഭങ്ങളും ഒപ്പിയെടുക്കാൻ എഴുത്തുകാരൻ പ്രാപ്തനായിരുന്നല്ലോ.

  എഴുത്തുകാരൻ ചെറിയ ഒരകലം പാലിച്ചു കൊണ്ട് അവരെ അനുഗമിച്ചു. ആ കയറ്റത്തിൻ്റെ ഉയർന്ന അറ്റം എത്തിയപ്പോൾ തുടർന്നുള്ള ഇറക്കത്തിലേക്ക് ആ മുച്ചക്രവണ്ടിയെ സ്വതന്ത്രമാക്കി കൊണ്ട് ആ കുറിയ മനുഷ്യൻ തൻ്റെ കൈകളെ വശങ്ങളിലേക്ക് വിടർത്തി. മുച്ചക്ര വണ്ടിക്കാരൻ നന്ദി പ്രകടനമായി പുഴുകുത്തു വീണ പല്ലുകൾ വെളിവാകും വിധം ചിരിച്ചു കൊണ്ട് അരോചക ശബ്ദത്തിൻ്റെ അകമ്പടിയോടെ ഇടം കൈ വീശി പിന്നെ വണ്ടിയുടെ ഗതിയെ നിയന്ത്രിക്കാനായി ആ പെടലിൽ പിടിച്ചു.

                             ഇറക്കത്തിലേക്ക് നടന്നു തുടങ്ങിയ ആ കുറിയ മനുഷ്യൻ തൻ്റെ കർമം തീർന്നെന്ന പ്രാലെ അടുത്തുള്ള ഇട റോഡിലേക്ക് കയറി നടന്നു മറഞ്ഞു. എഴുത്തുകാരന് അങ്ങനെ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ആ മുച്ചക്രവണ്ടി അങ്ങ് ദൂരെ ഒരു ചെറിയ ബിന്ദുവായിത്തീരുന്നത് വരെ അയാൾ നോക്കി നിന്നു. 

   ഇറക്കത്തിലേക്ക് അല്പചുവടുകൾ മാത്രം വച്ച അയാൾ തിരിഞ്ഞ് ആ കയറ്റം കയറി. വീണ്ടും ഇറക്കം ഇറങ്ങാൻ തുടങ്ങി. അയാൾ ജീവിതത്തിലെ കയറ്റങ്ങളെയും ഇറക്കങ്ങളെയും കുറിച്ച് ചിന്തിച്ചു. ഈ നടത്തം തന്നെ ജീവിതത്തെക്കുറിച്ചൊരു പാഠമാണ്. കയറ്റവും ഇറക്കവും ജീവിതത്തിലെ അനിവാര്യതയാണ്. കുറച്ചു ദൂരം താണ്ടിയപ്പോൾ ആണ് അയാൾ ചുറ്റുപാടു കൾ ശ്രദ്ധിച്ചത്. ആ നിരത്തിനൊരുവശം വലിയ മരങ്ങളും വള്ളിപ്പടർപുകളും മറുവശത്ത് അസാധാരണമായ ഉയരമുള്ള ഒരു മതിൽക്കെട്ടും. കയറ്റം കയറിയപ്പോൾ അയാളുടെ ശ്രദ്ധ മുഴുവൻ ആ മുച്ചക്രവണ്ടിക്കാരനിലായി രുന്നതിനാൽ അത് ശ്രദ്ധിച്ചിരുന്നില്ല. മുന്നോട്ട് നടക്കവേ മതിലിനു മേൽ ഇരുന്ന മൂന്നാലു കാക്കകൾ അസാധാരണമായ ശബ്ദത്തിൽ കരഞ്ഞു. എന്തോ അപകട സൂചനയെന്നപോലെ .എഴുത്തുകാരൻ്റെ  ദൃഷ്ടി അപ്പോൾ ആ നിരത്തിൽ ചത്ത് കിടക്കുന്ന ഒരു കാക്കയിൽ പതിഞ്ഞു.. കാക്കയെ പോലെ ഇത്ര വർഗ്ഗസ്സേഹിയായ ജന്തുക്കൾ വേറേയില്ല. ഒരു പ്രശ്നമുണ്ടായാൽ എത്ര പെട്ടന്നാണ് അവ ഒത്ത് കൂടുന്നത്., എന്ന് ചിന്തിച്ചു നടക്കവേ.... അതാ രണ്ട് മൂന്ന് -... നാല്..അല്ല കുറേ കാക്കകൾ ചത്ത് കിടക്കുന്നു. അയാൾക്ക് അകാരണമായ ഭയമുണ്ടായി. അയാളുടെ നടത്തത്തിന് വേഗത കൂടി. പിന്നിൽ എന്തോ ശബ്ദം കേട്ടത് പോലെ, അയാൾ തിരിഞ്ഞു നോക്കി. ഒന്നുമില്ല ആരുമില്ല. അയാൾക്ക് വിചിത്രമായി തോന്നി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് അയാൾ എതിർ ദിശയിലേക്ക് നടക്കുമ്പോൾ അയാൾ ഈ കാക്കകളെ ശ്രദ്ധിച്ചിരുന്നില്ല, അഥവാ അവ അവിടെയുണ്ടായിരുന്നില്ല. അയാളുടെ കാലുകളെ ചലിപ്പിക്കാ വുന്നത്ര വേഗതയിൽ അയാൾ നടന്നു.

                      നടക്കുന്നതിനിടയിൽ  മതിലിൽ ഒട്ടിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ അയാളുടെ നോട്ടം പതിഞ്ഞു. അവിടത്തെ റെസിഡൻ്റ്സ് അസോസിയേഷൻ പതിച്ചിരിക്കുന്ന മരണ അറിയിപ്പാണ് അത്. എഴുത്തുകാരൻ ആ ചിത്രത്തി ലേക്ക് സൂക്ഷിച്ചു നോക്കി. ആ ചിത്രം മുച്ചക്രവണ്ടിക്കാരൻ്റെ തല്ലേ? അയാൾ ഒന്നുകൂടി സൂഷ്മമായി നോക്കി. അതേ ... മരിച്ച തീയതിലേക്കായി പിന്നെ നോട്ടം.. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.

അയാളുടെ ഭയം അനിയന്ത്രിതമായി വളർന്നു. അയാൾ വിയർത്തു. ചെവി ക്കുള്ളിൽ നിന്ന് ചൂടുകാറ്റ് ബഹിർഗമിക്കുന്നു. നെഞ്ച് പടാപടാ ഇടിക്കുന്നു. കാലുകൾക്ക് തളർച്ച ബാധിക്കുന്നത് പോലെ. മന്തുകാരൻ കാലെടുത്ത് വയ്ക്കാൻ കഷ്ടപ്പെടുന്നത് പോലെ അയാൾ ബുദ്ധിമുട്ടി.

        എങ്ങനെയൊക്കെയോ വീട്ടിൽ തിരിച്ചെത്തിയ അയാൾ എഴുത്ത് മേശമേലെയുള്ള കുപ്പിയിൽ ഇരുന്ന വെള്ളം കുടിച്ചു തീർത്തു. അപ്പോഴും നെഞ്ചകം താളം പെരുക്കുന്നുണ്ടായിരുന്നു. വികൃത ശബ്ദവുമായി പുഴുക്കുത്തുള്ള പല്ലുകൾ വെളിപ്പെടുത്തുന്ന ചിരിയുമായി മുച്ചക്രവണ്ടിക്കാരൻ അയാളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ, മനസ്സിലേക്ക് ഇടിച്ചു കയറി. അയാൾ കണ്ടത് സത്യമോ മിഥ്യയോ.എഴുത്തുകാരൻ്റെ ബുദ്ധിയേയും യുക്തിയേയും പരീക്ഷിക്കുന്ന വിധത്തിലെ അനുഭവങ്ങളും ചിന്തകളും.

ആ നിമിഷം വീണ്ടും രൂക്ഷമായ മൂത്രഗന്ധം അയാളുടെ നാസികയിലേക്ക് കുത്തിക്കയറി. ആ ഗന്ധം വായുവിൽ നിറഞ്ഞു. ഒരോ അണുവിലും ആ രൂക്ഷഗന്ധം. അയാളുടെ കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ടു. ഭയം നീരാളിയെ പോലെ അയാളെ മുറുകെ പിടിച്ചു.

അപ്പോൾ അയാളുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു. മറുതലയ്ക്കൽ ഭാര്യയാണ്. അയാൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

      അപ്പോഴും മുറിയിൽ രൂക്ഷമായ മൂത്രഗന്ധം തങ്ങി നിന്നിരുന്നു അയാൾ കുറ്റബോധത്തിൻ്റെ വല്ലാത്തൊരു നീറ്റലോടെ അകത്തെ മുറിയിലേക്കോടി. മൂത്രഗന്ധം തങ്ങി നിന്നിരുന്ന ആ മുറിയിലെ കട്ടിലിൽ അയാളുടെ അമ്മ ചെറിയ മയക്കത്തിലായിരുന്നു. നെറുകയിൽ തലോടിയപ്പോൾ അമ്മ കണ്ണുകൾ തുറന്നു."നീ എവിടായിരുന്നു. ഞാൻ എത്ര വിളിച്ചു. അയാൾ അമ്മയെ കിടക്കയിൽ നിന്ന് എണിപ്പിച്ച് വീൽ ചെയറിൽ ഇരുത്തുകയും മൂത്രം പറ്റിയ തുണികൾ മാറ്റാനും വൃത്തിയാവാനും എലാം സഹായി ക്കുകയുംചെയ്തു. മുറിയും വൃത്തിയാക്കി വീണ്ടും അമ്മയെ കട്ടിലിൽ കിടത്തുകയും ചെയ്തു.

                സത്യത്തിൽ അപ്പോൾ മാത്രമാണ് അയാൾ ഭാര്യയെക്കുറിച്ചോർത്തത്. ഒരു ഒഫീഷ്യൽ മീറ്റിംങ്ങിനായി പോയ ഭാര്യ അന്ന്   തിരികെയെത്തേണ്ടതാണ്, പക്ഷെ ചില കാരണങ്ങളാൽ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റേണ്ടി വന്നു.

          വീണ്ടും ഭാര്യയുടെ കോൾ വന്നു. " നിങ്ങളെന്താണ് കോൾ കട്ട് ചെയ്തത്? എന്താണ് കോളിങ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാഞ്ഞത്? അവൾ പറഞ്ഞല്ലോ. ഞാൻ എത്ര തവണ വിളിച്ചു.  ഒരഞ്ചു മിനിട്ടിൽ അവൾ വീണ്ടും വരും. കോളിങ്ങ് ബെൽ അടിക്കുന്പോൾ വാതിൽ തുറന്നു കൊടുക്കണം." ഫോൺ കട്ട് ചെയ്യുമ്പോഴേക്കും കോളിങ് ബെൽ ശബ്ദം ഉയർന്നു.

അയാൾ വാതിൽ തുറന്നു" ചിരിക്കുന്ന മുഖവുമായി ഹോം നേഴ്സ്.

ഞാൻ രാവിലെ വന്നിരുന്നു. ബെല്ലടിച്ചു. സർ വാതിൽ തുറന്നില്ല.

"സാരില്ല. ഇപ്പോ പൊയ്ക്കൊള്ളു നാളെ വന്നാൽ മതി. ഇന്ന് ഞാനെല്ലാ കാര്യങ്ങളും നോക്കി നടത്തിയിട്ടുണ്ട്.

 

                   ഹോം നഴ്സ് പോയിക്കഴിഞ്ഞപ്പോൾ വീണ്ടും മുച്ചക്രവണ്ടിക്കാരൻ അയാളുടെ മനസ്സിലേക്ക് കടന്നു കയറി.. വല്ലാത്ത പരിഭ്രമം. ഇത്തരം സന്ദർഭങ്ങളിൽ അയാൾ പണ്ട് ചെയ്തിരുന്നത് പോലെ....

അയാൾ അമ്മയുടെ മുറിയിലേക്ക് ചെന്ന്, അമ്മയോടൊപ്പം കട്ടിലിൽ, അമ്മയെ ചേർത്ത് പിടിച്ച്, അമ്മയുടെ ചൂടറിഞ്ഞ് അങ്ങനെ....

 


Digital Art ( Manipulation )

Ramesh

Vizdem

Toonz Animation India Pvt Ltd




 
FROM THE CEO'S DESK
HEADLINES/NEWS
MILESTONES
WORK WITH TOONZ
BIRTHDAY BASH
MEET THE TEAM
CREATIVE CORNER
GALLERY
ARCHIVES